Tuesday, September 27, 2022
Home Technology വ്യാജന്മാരെ കുടുക്കാനാണ് ഈ താരം...

വ്യാജന്മാരെ കുടുക്കാനാണ് ഈ താരം…

നിങ്ങളുടെ ഫോണിൽ ട്രൂകോളർ ആപ്പില്ലേ.. ഫേക്ക് കോളുകളും സ്പാം കോളുകളും തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നുണ്ടോ.? എങ്കിൽ ഇനി ഫേക്കൻമാരെ കയ്യോടെ പൂട്ടാനുള്ള മാർഗമാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അതായത് ട്രായ് മുന്നോട്ട് വയ്ക്കുന്നത്. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ കാർഡിലെ പേര് ഫോൺ കോൾ ലഭിക്കുന്നയാളുടെ മൊബൈൽ സ്‌ക്രീനിൽ ദൃശ്യമാകുന്ന സംവിധാനമാണിത്. അതായത് സിം കാർഡ് ആരുടെ പേരിലാണോ..ആ പേര് ഇനി കോളുവരുമ്പോൾ സ്ക്രീനിൽ തെളിയും.

സ്പാം, ഫ്രോഡ് കോളുകൾ ഫോണിലേക്ക് വരുമ്പോൾ ഈ പുതിയ സംവിധാനമുപയോഗിച്ച്, സേവ് ചെയ്യാത്ത നമ്പരാണെങ്കിൽ വിളിക്കുന്നയാളുടെ ശരിയായ പേര് ഫോണിലെ സ്‌ക്രീനിൽ തെളിയും. ട്രൂകോളർ അടക്കമുള്ള ആപ്പുകളെക്കാൾ സുതാര്യത പുതിയ സംവിധാനത്തിനുണ്ടെന്നാണ് ടെലികോം ഡിപ്പാർട്ട്‌മെന്റിന്റെ അവകാശവാദം. ഉപയോക്താക്കൾ ആവശ്യപ്പെടാത്ത വാണിജ്യ ആശയവിനിമയത്തിന്റെയും സ്പാം കോളുകളുടെയും സന്ദേശങ്ങളുടെയും പ്രശ്‌നം തടയാൻ ടെലികോം റെഗുലേറ്റർ ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയും നടപ്പിലാക്കിയിട്ടുണ്ട്.

അതേസമയം, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നീക്കത്തെ സ്വാഗതം ചെയ്ത്  ട്രൂകോളറിന്റെ വക്താവ് രംഗത്തെത്തി. സ്പാം, സ്‌കാം കോളുകൾ തടയാൻ നമ്പർ തിരിച്ചറിയൽ നിർണായകമാണ്, കഴിഞ്ഞ 13 വർഷമായി ഞങ്ങളിതിന് വേണ്ടി പ്രവർത്തിക്കുന്നു. എങ്കിലും ട്രായിയുടെ ഈ നീക്കത്തെ ഞങ്ങൾ അഭിനന്ദിക്കുന്നുവെന്നും പിന്തുണ നൽകുന്നുവെന്നും ട്രൂകോളർ വക്താവ് പറഞ്ഞു.

- Advertisment -

Most Popular

Recent Comments