Monday, January 30, 2023
Home Technology 'മെറ്റവേഴ്‌സ്' എന്ന മായികലോകം

‘മെറ്റവേഴ്‌സ്’ എന്ന മായികലോകം

ഈ ഭൂമിയും അനന്തവിസ്തൃതമായ ആകാശങ്ങളും അങ്ങയുടെ സ്വന്തമാണ്. സാഗരങ്ങൾ അങ്ങയിൽ കുടികൊള്ളുന്നു. എന്നിട്ടും അങ്ങ് ശയനം കൊള്ളുന്നത് ആ ചെറുകുളത്തിലാണ് (അഥർവവേദം).
വമ്പൻ മുന്നേറ്റങ്ങൾ നടത്താൻ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത് പുതിയ അറിവുകളും സാധ്യതകളും തേടിക്കൊണ്ടിരിക്കുന്ന അവിടുത്തെ അന്വേഷികളുടെ ത്വരയാണല്ലോ.  ജനറേഷനുകൾക്കൊപ്പം തുടർന്നു കൊണ്ടേയിരിക്കുന്നതാണ് മാറ്റങ്ങളും. അങ്ങനെ നമ്മുടെ പ്രയോഗങ്ങളും നാം ഉപയോഗിക്കുന്ന ഗാഡ്ജറ്റുകളും നാം കാണുന്ന മീഡിയത്തിലുമൊക്കെ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യും. ക്രമേണ നമ്മൾ ആ മീഡിയവുമായി ഇഴുകി ചേരുകയും ചെയ്യും.

1976 ൽ ഇന്റൽ ഇറക്കിയ 8086 മൈക്രോ പ്രോസസ്സറുകൾ പോലും ഇന്ന് വലിയ മാറ്റങ്ങൾക്ക് വിധേയമായി അവ പുത്തൻ രൂപത്തിൽ അരങ്ങു വാഴുന്നു. ആ പഴയ പ്രോസസറുകളിൽ പലതും ഇന്ന് പല മേഖലകളിലെ കുട്ടികൾക്ക് ബെയ്‌സ് പഠന ഉപകരണമായി ഓരോരോ ലാബുകളിൽ വിശ്രമിക്കുകയാണ്. നാളെ ഒരുപക്ഷേ അതും ചില്ലലമാരയ്ക്കുള്ളിൽ വെറുമൊരു കാഴ്ച വസ്തുവായി മാറിയേക്കും. 
മുന്നോട്ടു മുന്നോട്ടുപോകണമെന്ന മനുഷ്യന്റെ ചിന്ത തന്നെ അവരെ, പുതു ലോകത്തിന്റെ അനന്ത സാധ്യതകളിലേക്കുള്ള പടിപ്പുരയിൽ എത്തിക്കും. ചിലർ ആ വാതിൽ തള്ളി തുറക്കുകയും അതിനുള്ളിൽ കടന്ന് പുതിയ സാധ്യതകൾ കണ്ടെത്തുകയും ചെയ്യും. പിന്നാലെ വരുന്നവർ ചിലപ്പോൾ അവിടെ പുതിയ ചില വാതിൽ കണ്ടെത്തി അതും തുറക്കും. അങ്ങനെ ആ പ്രോസസ് എന്നും തുടർന്ന് കൊണ്ടേയിരിക്കും. ജനിമൃതികളുടെ ചക്രത്തിൻ്റെ കറക്കം പോലെയാണത്. ആ വ്യൂഹ സമുച്ചയം ഒരിക്കലും പൂർണമായും ആർക്കു മുന്നിലും കീഴടങ്ങാത്ത ഒന്നായി വീണ്ടും അവശേഷിക്കും. ഇവയെല്ലാം തുറന്നതിനു ശേഷവും പിന്നാലെ വരുന്നവർ ചിലപ്പോൾ ആരും തുറക്കാത്ത ചില വാതിലുകൾ കൂടി കണ്ടെത്തിയേക്കും. തുറന്ന വാതിലുകൾ പിന്നീട് അടഞ്ഞു പോകാതെ സൂക്ഷിക്കേണ്ട ചുമതല പിന്നാലെ വരുന്നവർക്ക് കൂടിയുണ്ട് എന്ന കാര്യവും ഇവിടെ പ്രസക്തമാണ്. അവരിൽ ചിലരെങ്കിലും ഈ വ്യൂഹം തുറന്ന് വളരെ പെട്ടെന്ന് ആദ്യം പോകുന്നവരുടെ പിന്നാലെ വേഗത്തിൽ ഓടി എത്തിച്ചേർന്നെന്നു വരാം. ചിലർ എന്നല്ല എല്ലാവരും അവർക്കൊപ്പമോ അവർക്ക് മുന്നേയോ എത്തണം എന്നാണ് ഞാൻ പലപ്പോഴും ആഗ്രഹിക്കാറുള്ളത്. അങ്ങനെയുള്ള തലച്ചോറുകളുടെ ത്വരയാൽ സമീപകാലത്ത് തുറക്കപ്പെട്ട ഒരു വാതിലാണ് മെറ്റാവേഴ്സ്.

എന്താണ് ഈ മെറ്റാവേഴ്സ് ?

നമ്മുടെ യൂണിവേഴ്സ് പോലെ മറ്റൊരു പാരലൽ പ്രപഞ്ചമാണ് മെറ്റാവേഴ്സ്. 3ഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച ഒരു വിർച്വൽ പതിപ്പ്. ഈ ലോകത്തിന്റെ പരിമിതികളെ മറികടക്കാൻ സാധിക്കുന്ന, കഥകളിലും കവിതകളിലും നാം വായിച്ചിട്ടുള്ള മായിക പ്രപഞ്ചത്തിലേക്ക് പോകാനുള്ള ഒരു പടിയാണ് മെറ്റാവേഴ്‌സ്. ‘കൂടുവിട്ട് കൂടുമാറുക’ എന്ന് പറയില്ലേ, അതേപോലെ ഒരാൾക്ക് അയാളുടെ അവതാർ രൂപം സൃഷ്ടിച്ച്, നമ്മുടെ യഥാർത്ഥ രൂപത്തിൽ നിന്നും അവതാർ രൂപത്തിലേക്ക് മാറാം. ഈ അവതാർ രൂപം ഉപയോഗിച്ച് ഈ ലോകത്തിന്റെ പലയിടങ്ങൾ കാണാനും, മറ്റു ലോകത്തെക്കുറിച്ച് അറിയാനും, നമ്മൾ ആഗ്രഹിച്ച പലതും നേരിട്ട് കണ്ടറിയാനും സുഹൃത്തുക്കളുമായി നേരിട്ട് കണ്ട് കമ്മ്യൂണിക്കേറ്റ് ചെയ്യാനും സാധിക്കുന്ന ഒരു മായിക പ്രപഞ്ചമാണത്. സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ ലംഘിച്ച് ലോകത്തിന്റെ ഏതു കോണിലേക്ക് പോകാനും ഇതിലൂടെ സാധിക്കുന്നുവന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഏഴു മഹാത്ഭുതങ്ങളിലും, മഹാനഗരങ്ങളിലും, സമുദ്രത്തിന്റെ ആഴങ്ങളിലുമെല്ലാം ഈ മെറ്റാവേഴ്‌സ് പതിപ്പ് ഉപയോഗിച്ച് നമുക്ക് കടന്നുചെല്ലാം. നാളെ പണം ഉണ്ടാക്കാൻ ഉള്ള ഒരു മാർഗ്ഗമായി മെറ്റാവേഴ്‌സ് മാറിയേക്കാം. സ്ത്രീ പുരുഷ ഭേദമന്യേ, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സഞ്ചരിക്കാനും കാഴ്ചകൾ ആസ്വദിക്കാനും സഹായകരമാകുന്ന മെറ്റാവേഴ്സ് നാളെയുടെ വരുമാനവും പഠന സാധ്യതകളുമാണ് തുറന്നു തന്നിട്ടുള്ളത്.
ഇന്ന് വെബ്, ജിപിഎസ്, സ്മാർട്ട്ഫോൺ ഇവയെല്ലാം ചേർന്ന ഒരു കോമ്പിനേഷനിലൂടെ നിങ്ങൾക്ക് പുതിയ ലോകങ്ങൾ കാണാനും, പുതിയ അറിവുകൾ സമ്പാദിക്കാനും സാധിക്കും. പുത്തൻ ഗാനങ്ങൾ ആസ്വദിക്കാനും ആർട്ട് ഗാലറികളിൽ ചെന്ന് പെയിൻ്റിങ്ങുകളും മറ്റ് കലാസൃഷ്ടികളും കാണാനും, മായക്കാഴ്ചകളുടെ പുതുലോകത്ത് സ്വൈര്യവിഹാരം നടത്താനും സാധിച്ചുവെന്നും വരാം. ഈ ഭൂമിയും കടന്ന് ബഹിരാകാശത്ത് ഒരു ദിവസം കഴിയണമെന്ന് വിചാരിച്ചാൽ ചിലപ്പോൾ അതും ഒരുപക്ഷേ നാളെ സാധ്യമായി എന്നും വരും. അതിന്റെ ഏറ്റവും പുതിയ സാധ്യതകൾ തുറക്കുകയാണ് ഓഗ്മെന്റഡ് റിയാലിറ്റിയും വെർച്ചൽ റിയാലിറ്റിയും മെറ്റാവേഴ്സുമെല്ലാം. ഇപ്പോൾ നമുക്ക് ലഭിക്കുന്ന മിക്കവാറും എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും ഇത്തരം വിർച്വൽ റിയാലിറ്റിയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി ത്രിമാന ചിത്രങ്ങൾ എടുക്കാൻ സാധിക്കുന്നു. സിനിമകളിലൂടെ അവ നമുക്ക് മുൻപിൽ ആദ്യം വിസ്മയങ്ങളൊരുക്കി. പിന്നീട് പല മാധ്യമങ്ങളും അവയൊക്കെ ഏറ്റെടുത്തു. യുദ്ധ സ്ഥലത്ത് പോയി നിന്ന് റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകനെയും നാം സ്ക്രീനുകളിൽ കണ്ടതേയുള്ളൂ. സാങ്കേതിക വിദ്യയുടെ പുത്തൻ ആശയങ്ങൾ ഉപയോഗിച്ച് ഇലക്ഷൻ റിപ്പോർട്ട് നടത്തുന്നതുമൊക്കെ നാം കണ്ടു. രണ്ടുവർഷം മുമ്പ് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയപ്പോൾ കുട്ടികൾക്ക് മുൻപിലേക്ക് മാനും മയിലും സിംഹവുമായി അവർ എത്തിത്തുടങ്ങി. ഇന്നത്തെ അവസ്ഥയിൽ ഇവയൊക്കെ സാധാരണക്കാരനും പഠിക്കാവുന്നതേയുള്ളൂ. കാരണം നമ്മുടെ ചിന്തകളെ വികസിപ്പിക്കുവാനുള്ള, നമുക്ക് അറിവുകിട്ടാനുള്ള പലതരം സാധ്യതകളും ഇന്ന് നമ്മുടെ വിരൽത്തുമ്പിൽ ഉണ്ടല്ലോ. എന്നാൽ അവയെല്ലാം പഠിക്കാനും,  ഏതാണെന്നും എന്താണെന്നും തിരിച്ചറിയാനും, അൽപനേരം അതിനോടൊപ്പം ഇരുന്ന് അത് ആസ്വദിക്കാനുമുള്ള ഒരു താല്പര്യവും മനസ്സും കൂടി ഉണ്ടായാൽ മാത്രം മതി അവ നമ്മിലേക്കെത്താൻ എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

ഇന്നത്തെ കുട്ടികൾ വളരെയധികം കാര്യങ്ങൾ പഠിച്ചു കൊണ്ടാണ് ചെറുപ്പം മുതലേ മുന്നേറുന്നത്. ഒരു പരിധി കഴിയുമ്പോൾ അവർക്ക് മുന്നിലുള്ള വാതിലുകളിൽ മടുപ്പ് തോന്നുകയും പുത്തൻ വഴികൾ എന്ന അടുത്ത വേർഷൻ സൃഷ്ടിക്കാനുള്ള ഒരു ത്വര അവരിൽ ഉണ്ടാവുകയും ചെയ്യുന്നത് വളരെ സ്വാഭാവികമാണ്. അതിലൂടെ ഒരു സൃഷ്ടി കർമ്മമാണ് നടക്കുന്നത് എന്നും നാം മനസ്സിലാക്കണം.
Arunima Krishnan

- Advertisment -

Most Popular

Recent Comments