Tuesday, September 27, 2022
Home Cinema സിബിമലയിലിൻ്റെ തിരിച്ചുവരവ് ആഘോഷമാക്കി തീയേറ്ററുകൾ

സിബിമലയിലിൻ്റെ തിരിച്ചുവരവ് ആഘോഷമാക്കി തീയേറ്ററുകൾ

അരുണിമ കൃഷ്ണൻ

നാട്ടിൽ രാഷ്ട്രീയ ഉന്നതി ഉണ്ടാകുമ്പോൾ, പാർട്ടികളും രാഷ്ട്രീയക്കാരും വളരുമ്പോൾ, ആഘോഷങ്ങളും ആരവങ്ങളും ഉയർന്നുകൊണ്ടേയിരിക്കും. അതോടൊപ്പം ഉണ്ടാകുന്ന ചിലത് കൂടിയുണ്ടാവാറുണ്ട്. ചില സാധാരണക്കാരുടെ കുടുംബങ്ങളിലെ കൂട്ടക്കരച്ചിലുകളും അലമുറകളും. ഒരോയിടത്തും എടുക്കപ്പെടുന്നത് പലപ്പോഴും തിരിച്ചു വെയ്ക്കാനാവാത്ത പ്രാണൻ ആകുമ്പോൾ, അത് സൃഷ്ടിക്കുന്നതാകട്ടെ അനാഥത്വത്തിന്റെ കണ്ണുനീരും.
“ഉമ്മയും ഉപ്പയും അല്ല എന്നെ വളർത്തിയത് പാർട്ടിയാണ്”പാർട്ടിക്കുവേണ്ടി ജീവൻ പോലും കളയാൻ നടക്കുന്ന ഷാനുവിന്റെ വാക്കുകൾ ആണിത്. ഓരോ പാർട്ടി പ്രവർത്തകനും പലപ്പോഴും പറഞ്ഞു പഴകിയ ഡയലോഗ്. 

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം സിബി മലയില്‍ സംവിധാനം ചെയ്ത’ കൊത്ത്’ ഇന്നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ആദ്യ ദിവസം ഷോ നടക്കുമ്പോള്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സിബി മലയില്‍ പഴയ ട്രാക്കിലേക്ക് വന്നുവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. കണ്ണൂരിലെ രാഷ്ട്രീയ ചോരക്കളിയുടെ യാഥാര്‍ത്ഥ്യമാണ് സിനിമ കാണിക്കുന്നതെന്നും പ്രതികരണങ്ങളുണ്ട്. അഭിനേതാക്കളിലേക്ക് വരുമ്പോൾ ആസിഫ് അലി തൻ്റെ മികച്ച പ്രകടനമാണ് കൊത്തിൽ കാഴ്ചവച്ചിരിക്കുന്നത്.

ഷാനുവിന്റെ പ്രണയവും പ്രായത്തിൻ്റെ ചോരത്തിളപ്പും ഭയവും സൗഹൃദവുമെല്ലാം ആസിഫിലെ ഇരുത്തം വന്ന നടനെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഓരോ ചിത്രങ്ങളിലൂടെയും തൻ്റെ അഭിനയപാടവത്തിനെ മിനുക്കിയൊതുക്കുകയാണ് റോഷൻമാത്യു എന്ന ചെറുപ്പക്കാരൻ എന്നുറപ്പിച്ചു പറയാൻ കഴിയുന്ന പ്രകടനം. രണ്ടാം പാതിയിലുള്ള വിജേഷിന്റെ പ്രകടനം അതിഗംഭീരം ആയിരുന്നു എന്നു പറയാം. ആസിഫ് അലിയുടെയും വിജേഷിൻ്റെയും സൈക്കോ ആവുന്ന രംഗങ്ങളും മികച്ച കൈയ്യടി അർഹിക്കുന്നു. തനിക്ക് കിട്ടുന്ന ഓരോ വേഷവും മിതത്വത്തോടെ ചെയ്യാൻ പരമാവധി ശ്രമിക്കുന്ന രഞ്ജിത്ത് ഇക്കുറിയും തൻ്റെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സദേട്ടൻ എന്ന പൊളിറ്റിക്കൽ ലീഡർ തൻ്റെ കരുനീക്കങ്ങൾ നടത്തുന്നത് വളരെ മനോഹരമായാണ് രഞ്ജിത്ത് അവതരിപ്പിച്ചിരിക്കുന്നത്. സദേട്ടൻ ആയി അഭിനയിക്കുകയല്ല പകരം ജീവിക്കുകയാണ് എന്ന് തോന്നുന്ന പോലെയുള്ള മികച്ച പ്രകടനം. അതിക്രൂരമായി വെട്ടേറ്റു മരിക്കുന്ന നാഗേന്ദ്രനും കനകരാജും അവർ ഇരയായ വാൾ അവർ തന്നെ രാകി മിനുക്കിയതാണെന്ന് തിരിച്ചറിയുന്നില്ല. പാർട്ടിയിലെ മുതിർന്ന നേതാക്കന്മാർ പറയുന്നത് അതേപടി അനുസരിക്കുന്ന അണികൾ ഒരിക്കലും അതിൻ്റെ വരുംകാല വിപത്തിനെ പറ്റി ചിന്തിക്കുന്നു പോലുമില്ല. ചെറിയ ചില വരുമാനങ്ങൾ ലഭിക്കുന്ന കാറ്ററിങ് പോലെയുള്ള ജോലി ചെയ്തു അന്നന്നത്തെ വരുമാന മാർഗ്ഗമുപയോഗിച്ച് കഴിഞ്ഞുകൂടുന്ന അണികൾ, തങ്ങളുടെ കുടുംബത്തിലേക്ക് ഒരു ദുരന്തം ഉണ്ടാവുമ്പോൾ മാത്രമാണ് പലതും തിരിച്ചറിയുന്നുള്ളത് എന്നുകൂടി ഈ ചിത്രം പറയുന്നുണ്ട്. ഗോഡ് ഫാദർ എന്ന് അവർ വിശ്വസിക്കുന്ന, ഫോളോവേഴ്സിനെ ഉണ്ടാക്കുവാൻ മാത്രം ഇറങ്ങിത്തിരിച്ച നേതാവിൻ്റെ മുൻപിൻ നോക്കാതെയുള്ള ഇടപെടലുകളിലൂടെ, അണികൾക്ക് അവരുടെ ജീവിതം നഷ്ടമാകുന്നു.

ഒരു ദുരന്തം വന്നതിനു ശേഷം മാത്രമേ ജീവിതം പഠിക്കൂ എന്ന് വാശി പിടിക്കാതെ ഉള്ള ജീവിതം സന്തോഷമായി മുന്നോട്ടു കൊണ്ടുപോകണം എന്ന് പറയുന്നവർ പരാജിതനാണ് എന്ന മുദ്രകുത്തി വീണ്ടും കളത്തിലേക്ക് ഇറക്കുന്ന കുബുദ്ധിയും കൊത്തിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
ചിത്രത്തിലെ ചില രംഗങ്ങൾ നാം കണ്ടു പരിചയിച്ച ചില സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് തോന്നിപ്പിക്കുന്ന വിധം ചിത്രീകരിച്ചപ്പോൾ ഒരു നഷ്ടത്തിന്റെ തിരിച്ചടി അതേ വിധത്തിൽ കൊടുക്കണമോ വേണ്ടയോ എന്ന് പ്രേക്ഷകനെ ഒരിക്കൽ കൂടി ചിന്തിപ്പിക്കുകയാണ് കൊത്ത്.ഏഴുവർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ് സിബി മലയിൽ ​ഗംഭീരമാക്കിയിട്ടുണ്ട്. കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളൊരുക്കിയതിന് തിരക്കഥാകൃത്ത് ഹേമന്ദ് കുമാറിന് നല്ല കയ്യടിതന്നെ നൽകാം. ചിത്രത്തിലുടനീളം സംഘർഷാത്മകത നിലനിർത്താൻ അദ്ദേഹത്തിന്റെ രചനയ്ക്ക് സാധിച്ചിട്ടുണ്ട്. രതിൻ രാധാകൃഷ്ണൻ എന്ന എഡിറ്ററുടെ കരവിരുതിൽ ഒരുങ്ങിയ ഒരു മികച്ച സിനിമയാണ് കൊത്ത്. ജെയ്ക്സ് ബിനോയിയുടെ സംഗീതവും കൈലാസ് മേനോൻ്റ ഗാനങ്ങളും നല്ല ഒതുക്കത്തിൽ ചിത്രത്തിലവതരിപ്പിച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് വരുന്ന ഷാനുവിൻ്റെ ഫോണിൻ്റെ റിങ്ടോൺ അരോചകമായി തോന്നിയെങ്കിലും അത് പങ്കുവയ്ക്കുന്ന മെസ്സേജ് വളരെ വലുതാണെന്ന കാര്യം നമ്മെ ഓർമ്മിപ്പിക്കുന്നത് പോലെ അനുഭവപ്പെട്ടു.

- Advertisment -

Most Popular

Recent Comments