Wednesday, September 28, 2022
Home News Latest പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്; 13 നേതാക്കള്‍ കസ്റ്റഡിയില്‍

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്; 13 നേതാക്കള്‍ കസ്റ്റഡിയില്‍

രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് സ്ഥാപനങ്ങളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ്. ദേശീയ അന്വേഷണ ഏജന്‍സി അർദ്ധരാത്രിയ്ക്കുശേഷമാണ് റെയ്ഡ് ആരംഭിച്ചത്. ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസും റെയ്‌ഡിൽ ഉൾപ്പെടും. പ്രധാന കേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റും റെയ്ഡിന്റെ ഭാഗമാണ് എന്ന് സൂചനയുണ്ട്.

സിആര്‍പിഎഫ് സുരക്ഷയോടെ ആയിരുന്നു റെയ്ഡ്. പലസ്ഥലത്തും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ റെയ്ഡ് നടന്നു. പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്റെ കൊന്നമൂട്ടിലെ വീട്ടിലും അടൂര്‍ പറക്കോട് പ്രവര്‍ത്തിക്കുന്ന ജില്ലാ കമ്മിറ്റി ഓഫീസിലുമാണ് റെയ്ഡ് നടന്നത്. കണ്ണൂര്‍ താണയിലുള്ള ഓഫീസിലാണ് റെയ്ഡ് നടന്നത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ തൃശ്ശൂരില്‍നിന്നാണ് എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്. തൃശ്ശൂരില്‍ പെരുമ്പിലാവ് സ്വദേശിയാണ് യഹിയ തങ്ങള്‍. പെരുമ്പിലാവിലെ വീട്ടില്‍ നടത്തിയ റെയ്ഡിനുശേഷമാണ് യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തത്. കോട്ടയം ജില്ലയിലെ മുണ്ടക്കയത്തും, പെരുവന്താനത്തുമാണ് റെയ്ഡ് നടന്നത്. ജില്ലാ നേതാക്കളടക്കം മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ വീടുകളില്‍നിന്ന് മൊബൈല്‍ ഫോണുകളും, ടാബും, ലാപ്‌ടേപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. 13 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണ് എന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ പ്രസ്താവനയിൽ പറഞ്ഞു. “സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ, ഇഡി എന്നീ കേന്ദ്ര ഏജൻസികൾ അർദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണ്. ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുക.” പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യാ കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി സെപ്റ്റംബർ 18 ന് ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും ഒന്നിലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ആന്ധ്രാപ്രദേശിലെ നെല്ലൂർ, നന്ദ്യാൽ, തെലങ്കാനയിലെ ജഗ്തിയാൽ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇതിനു പിന്നാലെയാണ് രാജ്യവ്യാപക റെയ്ഡ് നടക്കുന്നത്.

- Advertisment -

Most Popular

Recent Comments