പത്തനംതിട്ട: ശബരിമലയിലെ പുതിയ മേൽശാന്തിയായി കെ ജയരാമൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ്. വൈക്കം സ്വദേശിയായ ഹരിഹരൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. ഇന്ന് രാവിലെ നടന്ന നറുക്കെടുപ്പിലാണ് മേൽശാന്തിമാരെ തെരഞ്ഞെടുത്തത്. രാവിലെ 7.30 ന് ഉഷപൂജയ്ക്ക് ശേഷമാണ് പുതിയ ശബരിമല മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടന്നത്. അടുത്ത ഒരു വര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി. മേല്‍ശാന്തിമാരുടെ അന്തിമ പട്ടികയില്‍ ഇടം നേടിയ 10 ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് അത് ശ്രീകോവിലിനുള്ളില്‍ പൂജ നടത്തിയശേഷം അതില്‍ നിന്നാണ് പുതിയ മേല്‍ശാന്തിയെ നറുക്കെടുത്തത്. പന്തളം കൊട്ടാരത്തിൽ നിന്ന് എത്തിയ കൃതികേഷ് വർമ്മയും, പൗർണ്ണമി ജി വർമ്മയും ആണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്ക് എടുത്തത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. കെ അനന്തഗോപൻ, ബോർഡ് അംഗം പി എം തങ്കപ്പൻ, ദേവസ്വം കമ്മീഷണർ ബി എസ് പ്രകാശ്, ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ്, നറുക്കെടുപ്പ് നടപടികൾക്കായി ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകൻ റിട്ട. ജസ്റ്റിസ് ആർ ഭാസ്കരൻ തുടങ്ങിയവർ നറുക്കെടുപ്പിന് മുന്നോടിയായി ശബരിമലയിൽ എത്തിയിരുന്നു. തുലാമാസ പൂജകളുടെ ഭാഗമായി ഈ മാസം 22 വരെ ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കും. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാം.