ഗവർണ്ണർക്കെതിരെ പരസ്യമായി പ്രതിഷേധം സംഘടിപ്പിക്കാൻ എൽഡിഎഫ്. ഇന്ന് ചേർന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനമെടുത്തത്. മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവർണ്ണറുടെ ഭീഷണി രാഷ്ട്രീയ പ്രേരിതമാണെന്നും ,ഇല്ലാത്ത അധികാരം പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന ഗവർണ്ണറുടെ നീക്കം തുറന്ന് കാണിക്കണമെന്നാണ് സെക്രട്ടറിയേറ്ര് യോഗത്തിൽ ഉയർന്ന അഭിപ്രായം. ഉടൻ എൽ ഡി എഫ് യോഗം ചേർന്ന് സമരത്തിൻറെ തിയ്യതികളടക്കം തീരുമാനിക്കാനാണ് ധാരണ.
അതേസമയം കേരള സർവകലാശാലാ സെനറ്റിൽ നിന്ന് ഗവർണർ പുറത്താക്കിയവർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. പുറത്താക്കൽ നടപടി നിയമവിരുദ്ധമെന്നും നടപടി റദ്ദാക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. അതേസമയം സെനറ്റിൽ നിന്ന് ഗവർണർ നീക്കം ചെയ്തെന്ന ഔദ്യോഗിക അറിയിപ്പ് പുറത്താക്കിയവർക്ക് രജിസ്ട്രാർ നൽകി. രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ ഉൾപ്പടെ 15 പേർക്കാണ് നോട്ടീസ് അയച്ചത്. അടുത്തമാസം 4 നും 19 നും വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ 15 പേർക്കും അയച്ച ക്ഷണക്കത്ത് ഗസറ്റ് വിജ്ഞാപനത്തെ തുടർന്ന് പിൻവലിച്ചതായി കണക്കാക്കപ്പെടും.
ചാൻസലറെന്ന അധികാരം പ്രയോഗിച്ചാണ് താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെ അസാധാരണ നടപടിയിലൂടെ ഗവർണർ പിൻവലിച്ചത്. വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടുനിന്ന അംഗങ്ങളെയാണ് ചാൻസലർ അയോഗ്യരാക്കിയത്. നാല് വകുപ്പ് മേധാവിമാരെയും രണ്ട് സിൻഡിക്കേറ്റ് അംഗങ്ങളെയും ഉൾപ്പെടെയാണ് പിൻവലിച്ചത്. പിന്നീട് ഇക്കാര്യത്തിൽ ഉത്തരവിറക്കാൻ കേരള സർവകലാശാല വിസിയോട് ഗവർണർ നിർദേശിച്ചിരുന്നു. എന്നാൽ നിയമപരമായ നടപടിയല്ല ഉണ്ടായതെന്ന് വ്യക്തമാക്കി വിസി ഈ നിർദേശം തള്ളി.