തിരുവനന്തപുരം: ബലാൽസംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കും. എൽദോസ് അന്വേഷണവുമായി സഹരിക്കുന്നില്ലെന്ന് ചൂണ്ടികാട്ടിയാകും ഹൈക്കോടതിയെ സമീപിക്കുക. നാളെ അപ്പീൽ നൽകാനാണ് സാധ്യത. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് എം എൽ എ യ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. ഈ ജാമ്യത്തിൽ ചോദ്യം ചെയ്യൽ നടന്നുവരുന്നതിനിടെയാണ് സർക്കാർ നീക്കം. ബലാൽസംഗ കേസിലും വധശ്രമക്കേസിലും എല്‍ദോസിന് എതിരെ മതിയായ തെളിവുകളുണ്ട്, അതിനാൽ പ്രതിയെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യാൻ അപ്പീൽ നൽകണമെന്ന് നിയമോപദേശവും ജില്ലാ ക്രൈം ബ്രാഞ്ചിന് ലഭിച്ചിരുന്നു. സുപ്രീം കോടതി വിധികള്‍ ചൂണ്ടികാട്ടിയാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ നിയമോപദേശം നൽകിയത്. ഇതേതുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അസി. കമ്മീഷണർ അനിൽകുമാർ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം എൽദോസിനെതിരെ പുതിയൊരു കേസുകൂടി വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കൽ, കേസിൽ നിന്നും പിന്മാറാനായി കൃത്രിമ രേഖ ചമക്കൽ, മർദ്ദിക്കുക എന്നീ കുറ്റങ്ങള്‍ക്കാണ് കേസ്. പരാതിക്കാരി മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. യുവതിയെ കാണാനില്ലെന്ന പരാതിയിലെടുത്ത കേസിലാണ് മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയത്. എൽദോസ് കേസിൽ നിന്നും പിൻമാറാൻ അഭിഭാഷകന്റെ ഓഫീസിൽ വച്ച് രേഖകളിൽ ഒപ്പിടാൻ നിർബന്ധിച്ചുവെന്നും മർദ്ദിച്ചുവെന്നുമാണ് മൊഴി.നാളെ പരാതിക്കാരിയുടെ മൊഴിയെടുക്കും. നിലവിൽ എൽദോസിനെ മാത്രം പ്രതിയാക്കിയാണ് കേസ്.