കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻചില മാധ്യമങ്ങളെ അദ്ദേഹത്തിന്റെ വാർത്താസമ്മേളനത്തിൽ നിന്ന് വിലക്കി എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.എന്നാൽ അതേപറ്റി വിശദീകരണവുമായി ഗവർണർ. ഒരു മാധ്യമത്തേയും വാർത്താസമ്മേളനത്തിൽ വിലക്കിയിട്ടില്ലെന്നാണ് ഗവർണറുടെ ട്വീറ്റ്. അഭിമുഖത്തിന് അനുമതി ചോദിച്ച മാധ്യമങ്ങളെ സമയക്കുറവ് കാരണം ഒരുമിച്ച് ക്ഷണിച്ചതാണ്. ഇത് ചിലർ വാർത്താ സമ്മേളനമായി തെറ്റിദ്ധരിച്ചതാണെന്നും ഗവർണറുടെ വിശദീകരണം.
വാർത്താസമ്മേളനത്തിൽ ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയതിനെതിരെ ഇന്നലെ വ്യാപക വിമർശനം ഉയർന്നിരുന്നു. കൈരളി,ജയ്ഹിന്ദ്,മീഡിയ വൺ, റിപ്പോർട്ടർ എന്നീ ചാനലുകളെയാണ് ഗവർണർ വിലക്കിയത്. ഗവർണർ വിസി വിവാദം കത്തിനിൽക്കെ രാവിലെ പറഞ്ഞത് പൊതുവായ പ്രതികരണമില്ലെന്നായിരുന്നു. ഉച്ചക്ക് ശേഷം രാജ്ഭവനിൽ വാർത്താ സമ്മേളനം വിളിച്ചപ്പോഴും എല്ലാ മാധ്യമങ്ങൾക്കും പ്രവേശനം
അനുവദിച്ചില്ല. പ്രതികരണം മെയിലിലൂടെ ആവശ്യപ്പെട്ടവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയെന്നായിരുന്നു വിശദീകരണം. വാർത്തകൾ വളച്ചൊടിച്ചത് തിരുത്താൻ പറഞ്ഞിട്ട് ചെയ്യാത്തവരെയും ഒഴിവാക്കിയെന്നും ഗവർൺ വ്യക്തമാക്കി.
മാധ്യമങ്ങളോട് മുഖം തിരിക്കാറില്ലെന്ന് പറഞ്ഞ ഗവർണർ കേഡർ മാധ്യമ പ്രവർത്തകരുണ്ടെന്ന ആരോപണവും ഇന്നലെ ആവർത്തിച്ചിരുന്നു. കടക്ക് പുറത്ത് അടക്കം പിണറായി വിജയൻറെ മാധ്യമങ്ങൾക്കെതിരായ വിവാദ പരാമർശങ്ങളും ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ചിരുന്നു. മാധ്യമങ്ങളെ വിലക്കിയത് ഗവർണർ പദവിക്ക് ചേരാത്തതെന്നായിരുന്നു പ്രതിപക്ഷ നേതാവിൻറെ വിമർശനം.