സംസ്ഥാനത്ത് ഗവർണർ -സർക്കാർ പോര് ഓരോ ദിവസം കഴിയുന്തോറും കടുക്കുകയാണ്. നിലപാടിലും തീരുമാനത്തിലും ഒട്ടും അയവലില്ലാതെ ഗവർണറും, ചാൻസലർ അധികാരം പരിമിതപ്പെടുത്താൻ സർക്കാരും ശ്രമിക്കുകയാണ്.കൂടാതെ ഗവർണർക്കെതിരെ പ്രതിഷേധ പരിപാടികളും എൽഡിഎഫ് നടത്തുന്നുണ്ട്. ഗവർണർ കേരളത്തെ കാവിവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ആരോപണം. ഓരോ ദിവസം കഴിയുന്തോറും ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നം കൂടുതൽ രൂക്ഷമാവുകയാണ്.
കേരളത്തിലെ ഗവർണർ സർക്കാർ പോരിൽ പ്രതികരണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. ഗവർണറുടെ ഒരു രോമത്തിൽ തൊട്ടാൽ കേരളത്തിലെ സർക്കാരിനെ പിരിച്ച് വിടാൻ കേന്ദ്രം തയ്യാറാകണമെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. ട്വിറ്ററിലൂടെയാണ് ബിജെപി നേതാവിൻറെ പ്രതികരണം.
ഗവർണർ രാഷ്ട്രപതിയേയും കേന്ദ്രത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് കേരളത്തിലെ ഭ്രാന്തൻമാരായ കമ്യൂണിസ്റ്റുകാർ മനസ്സിലാക്കണമെന്നും ട്വീറ്റിൽ പറയുന്നു. അതേസമയം സർവകലാശാല വി സിമാർക്കെതിരായ നടപടികളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് സർക്കാരും ഇടത് മുന്നണിയും. കഴിഞ്ഞ ദിവസം പിപ്പിടി വിദ്യ പരാമർശം ആവർത്തിച്ച് വിമർശനവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തി.
അതിനിടെ ഗവർണ്ണറുടെ നടപടിയെച്ചൊല്ലി കോൺഗ്രസിലും യുഡിഎഫിലും ഭിന്നത കൂടുതൽ രൂക്ഷമായിരിക്കുകയാണ്. സർക്കാരിന് വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയപ്പോൾഗവർണ്ണറെ പിന്തുണക്കില്ലെന്ന് കെ മുരളീധരൻ എംപി വ്യക്തമാക്കി. ഭരണപക്ഷത്തെ മാനിക്കാത്തയാൾ പ്രതിപക്ഷത്തെയും മാനിക്കില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.കോൺഗ്രസിൻറെ ദേശീയനയമെന്ന് വ്യക്തമാക്കിയാണ് കെ മുരളീധരൻ സതീശനെയും സുധാകരനെയും തള്ളിപ്പറഞ്ഞത്.