ധനമന്ത്രി കെ.എൻ ബാലഗോപാലിനെ ആ സ്ഥാനത്തുനിന്ന്നീക്കം ചെയ്യണമെന്ന ഗവർണറുടെ കത്ത് പുറത്തുവന്നതിന് പിന്നാലെ വീണ്ടും വിവാദം കത്തിപടരുകയാണ്. ഗവർണർ അസാധാരണ നടപടിയിലൂടെ മുഖ്യമന്ത്രിയ്ക്ക് കൈമാറി. പ്രസംഗം ഗവർണറെ അപമാനിക്കുന്നത് അല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. കത്ത് തള്ളുകയും ചെയ്തു.
ധനമന്ത്രിയെ നീക്കണമെന്ന ഗവർണറുടെ കത്ത് പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെ പിരിച്ചുവിടുമെന്ന ഭീഷണിയുമായി ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് രംഗത്ത് വന്നു. 356-ാം വകുപ്പുണ്ടെന്ന് മുഖ്യമന്ത്രി മറക്കേണ്ടെന്നും ബാലഗോപാലിന്റെ രാജി ആവശ്യപ്പെടണമെന്നുമാണ് ഭീഷണി. അല്ലെങ്കിൽ ധാർമ്മികത ഉയർത്തിപ്പിടിച്ച് ധനമന്ത്രി രാജി വയ്ക്കണം. ഗവർണർ നിയമിച്ച മന്ത്രിയെ ഗവർണർക്ക് പിൻവലിക്കാമെന്നും കേരളം പ്രത്യേക റിപ്പബ്ലിക്കല്ലെന്നും പി.കെ കൃഷ്ണദാസ് പറയുന്നു.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്. ഒക്ടോബർ 19ന് വിവിധ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളെ ഗവർണർ കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 18നായിരുന്നു ധനമന്ത്രിയുടെ പ്രസംഗം. ഗവർണറുടെ പ്രതിച്ഛായ തകർക്കുന്നതും പദവിയുടെ അന്തസ് താഴ്ത്തിക്കെട്ടുന്നതുമാണ് പ്രസംഗമെന്ന് കത്തിൽ പറയുന്നു. ബോധപൂർവ്വം തന്റെ സത്യപ്രതിജ്ഞ ലംഘിക്കുകയാണ് മന്ത്രി എന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഗുരുവചനം ഓർമിപ്പിച്ചുകൊണ്ടായിരുന്നു ഗവർണറുടെ കത്ത്.
വൈസ് ചാൻസലർമാർക്ക് സുരക്ഷാ ഭടന്മാർ വരെയുള്ള യുപി പോലെയുള്ള സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് കേരളത്തിലെ സർവകലാശാലകളെ മനസിലാക്കാൻ പ്രയാസമാണെന്നായിരുന്നു ധനമന്ത്രിയുടെ വാക്കുകൾ. മന്ത്രിയുടെ പ്രസംഗത്തിന് ശേഷം കള്ള് കച്ചവടത്തിൽ നിന്നും വരുമാനം കണ്ടെത്തുന്ന ധനമന്ത്രി തനിക്ക് വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് എടുക്കേണ്ടെന്നും ഗവർണർ പറഞ്ഞു. തന്റെ പ്രവർത്തികൾ വിലയിരുത്താൻ നിയമമന്ത്രി ആരാണെന്നുമായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ ചോദ്യം.